Kerala
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബർ അധിക്ഷേപക്കേസിൽ മൂന്നാം പ്രതി കൊണ്ടോട്ടി അബു എന്ന യാസർ എടപ്പാളിന് ഇന്ന് ഹാജരാകാൻ നിർദേശം. വിദേശത്തുള്ള യാസർ ഹാജരാകുന്നില്ലെങ്കിൽ അന്വേഷണ സംഘം ലുക്ക് ഔട്ട് സർക്കുലർ ഇറക്കും.
ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ ഒന്നും രണ്ടും പ്രതികളായ സി.കെ. ഗോപാലകൃഷ്ണനും കെ. എം. ഷാജഹാനും നോട്ടീസ് നൽകിയിരുന്നെങ്കിലും എത്തിയിരുന്നില്ല. പ്രതികൾ സഹകരിക്കുന്നില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാൽ ഇതിന് കൃത്യമായ തെളിവുകൾ ലഭിക്കേണ്ടതുണ്ട്.
അതേസമയം, അധിക്ഷേപ പോസ്റ്റുകളുടെ ഉറവിടം തേടി മെറ്റയ്ക്ക് കത്ത് അയച്ചെങ്കിലും ഇതുവരെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഇന്ന് റിപ്പോർട്ട് ലഭിക്കുകയാണെങ്കിൽ തുടർനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Kerala
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണ കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജഹാനെ ഇന്ന് ചോദ്യം ചെയ്യും. യൂട്യൂബ് ചാനലിലൂടെ ഷൈനെയും കെ.എന്‍. ഉണ്ണികൃഷ്ണന് എംഎല്‍എയും അധിക്ഷേപിച്ച് വീഡിയോ ഇട്ടു എന്നതാണ് ഷാജഹാനെതിരായ കെ.ജെ ഷൈനിന്റെ പരാതി.
വീഡിയോ അപ്ലോഡ് ചെയ്യാന്‍ ഉപയോഗിച്ച ഷാജഹാന്റെ ഫോണ്‍ പോലീസ് തിങ്കളാഴ്ച പിടിച്ചെടുത്തിരുന്നു. ചോദ്യംചെയ്യലിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ആലുവ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.
ഷാജഹാന്റെ ഫോണ്‍ പരിശോധനയ്ക്ക്
കെ.എം.ഷാജഹാന്റെ തിരുവനന്തപുരം ഉള്ളൂരിലെ വീട്ടില്‍ സൈബര്‍ പോലീസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ഫോണ്‍ സൈബര്‍ പരിശോധനയ്ക്ക് വൈകാതെ കൈമാറും. തിങ്കളാഴ്ച രാത്രി എറണാകുളം റൂറല്‍ സൈബര്‍ ക്രൈം പോലീസ് നടത്തിയ പരിശോധനയിലാണ് ഷാജഹാന്റെ ഐ ഫോണ്‍ പോലീസ് പിടിച്ചെടുത്തത്.
സാമൂഹമാധ്യമത്തില്‍ ചിത്രം അപ്ലോഡ് ചെയ്ത ഫോണാണ് പിടിച്ചെടുത്തത്. ഡിജിറ്റല്‍ തെളിവുകള്‍ തേടി ഇന്നലെ രാത്രി വൈകിയും പോലീസ് സംഘം പരിശോധന തുടര്‍ന്നിരുന്നു. ഏതാനും രേഖകളും കണ്ടെത്തിയെന്നാണ് വിവരം.
സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങള്‍ പോലീസിന് കൈമാറാന്‍ മെറ്റ
സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണ കേസില്‍ പ്രതികളുടെയും പോലീസ് നിരീക്ഷണത്തിലുള്ള സമൂഹമാധ്യമ അക്കൗണ്ടുകളുടെയും വിവരങ്ങള്‍ അന്വേഷണസംഘത്തിന് കൈമാറാനൊരുങ്ങി മെറ്റ. ഇതിന്റെ ഭാഗമായി വിവരങ്ങള്‍ ക്രോഡീകരിച്ചു വരുന്നതായി മെറ്റ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
കേസില്‍ പ്രതിച്ചേര്ത്തിട്ടുള്ള കെ.എം. ഷാജഹാന്, കോണ്‍ഗ്രസ് പ്രദേശിക നേതാവ് സി.കെ. ഗോപാലകൃഷ്ണന് എന്നിവരുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്ക് പുറമേ പോസ്റ്റ് ഷെയര്‍ ചെയ്ത നൂറോളം പേജുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. പരമാവധി സൈബര്‍ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ വൈകാതെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കഴിഞ്ഞ ദിവസം ഗോപാലകൃഷ്ണന്റെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. യുട്യൂബര്‍ കൊണ്ടോട്ടി അബുവിനെക്കൂടി കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
ഗോപാലകൃഷ്ണന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ചെന്നെത്തിയത് ഇയാളുടെ പറവൂരിലെ വീട്ടിലാണ്. പരിശോധന നടത്തിയ അന്വേഷണസംഘം മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയായിരുന്നു. അധിക്ഷേപ പരാമര്‍ശമുള്ള പോസ്റ്റ് ഇട്ടത് ഈ ഫോണില്‍ നിന്നുതന്നെയാണോയെന്ന് പരിശോധിക്കാന്‍ സൈബര്‍ ഫോറന്‍സിക് സംഘത്തിന് കൈമാറും. ആലുവ സൈബര്‍ പോലീസിന് മുമ്പാകെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
കേസില്‍ ഗോപാലകൃഷ്ണനും, കെ.എം. ഷാജഹാനും പുറമേ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്ന നടപടികളിലേക്കും കടക്കുകയാണ് അന്വേഷണസംഘം. കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പ്രഫൈല്‍ ഉടമ യാസറിനെ മൂന്നാം പ്രതിയാക്കി കേസെടുത്തു. ഷാജഹാന്റെയും ഗോപാലകൃഷ്ണന്റെയും പോസ്റ്റുകളില്‍ കമന്റിട്ടവരില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്തിയേക്കും.
Kerala
കൊച്ചി: കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പോലീസ്. ആലുവ സൈബർ പോലീസ് ഷൈനിന്റെ മൊഴിയെടുത്തു.
അപകീർത്തികരമായ വാർത്ത നല്കിയ ഓൺലൈൻ മാധ്യമത്തിനും പത്രത്തിനും അഞ്ച് കോൺഗ്രസ് അനുകൂല പോർട്ടലുകൾക്കുമെതിരേയാണ് കേസെടുത്തത്.
നേരത്തെ തനിക്കെതിരേ സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും ഷൈനിനെതിരെ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ പരാതി നൽകിയിരുന്നു. ഇടത് എംഎൽഎയുമായി ബന്ധപ്പെടുത്തി ഉയർന്ന സൈബർ പ്രചരണത്തിനെതിരെയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും ഷൈൻ പരാതി നൽകിയത്.
Kerala
കൊച്ചി: കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആവർത്തിച്ച് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജില്ലാ സെക്രട്ടറിയെ ഒളികാമറയിൽ കുടുക്കിയ പാർട്ടിയാണ് സിപിഎം. അന്ന് ഇതിനു പിന്നിൽ ഉണ്ടായിരുന്നവർ പലരും ഇന്ന് ജില്ലാ നേതൃത്വത്തിൽ ഉണ്ടെന്നും ഷിയാസ് ആരോപിച്ചു.
ബോംബ് പൊട്ടും എന്ന് പറഞ്ഞ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ പേര് ഷൈൻ ടീച്ചർ പറയട്ടെ. തെളിവില്ലാത്ത ആരോപണങ്ങൾ സൈബർ ഇടങ്ങളിൽ പങ്കുവയ്ക്കുന്നത് ശരിയല്ല. പാർട്ടിയിൽ ചുമതലയുള്ളവർ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തിരുത്താൻ നിർദേശം നൽകും.
പ്രതിപക്ഷ നേതാവിനുമേൽ കുതിര കയറേണ്ട. വി.ഡി. സതീശൻ ആരാണെന്ന് പറവൂരിലെ ജനങ്ങൾക്കറിയാമെന്നും ഷിയാസ് കൂട്ടിച്ചേർത്തു.
Kerala
പറവൂര്‍: 'ഒരു ബോംബ് വരുന്നുണ്ട്; ടീച്ചര്‍ ധൈര്യമായി ഇരിക്കണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്ന് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ.ജെ ഷൈന്‍. തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഭ്രൂണഹത്യ ഉള്‍പ്പെടെ നടത്തിയവര്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു സ്ത്രീയെ ഇരയാക്കി നടത്തിയ ശ്രമമാണ് തനിക്കെതിരായ ലൈംഗിക അപവാദ പ്രചരണങ്ങള്‍ക്ക് പിന്നിലുള്ളത്. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നാണ് ഈ അപവാദങ്ങള്‍ എല്ലാം വന്നത്. കെടാമംഗലത്തുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അപവാദ പോസ്റ്റ് ആദ്യം ഇട്ടത്. ബോംബ് പൊട്ടുമെന്നു പറഞ്ഞ കോണ്‍ഗ്രസിന്റെ ഒരു ഉയര്‍ന്ന നേതാവ് തന്നെയാണ് ഈ പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും ഷൈൻ പറഞ്ഞു.
പ്രതിപക്ഷ നേതാവാണോ അപവാദ പ്രചരണത്തിന് നേതൃത്വം നല്‍കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വേറെ ആരെങ്കിലും ബോംബ് പൊട്ടുമെന്ന വാക്ക് സമീപകാലത്ത് പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു ഷൈന്‍ ടീച്ചറുടെ മറുചോദ്യം.
ബോംബു പൊട്ടുമ്പോള്‍ തളര്‍ന്നു പോകരുതെന്ന് ഒരു കോണ്‍ഗ്രസ് പ്രാദേശിക നേതാവ് മുന്നറിയിപ്പു തന്നിരുന്നതായും അവര്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് തങ്ങളുടെ കുടുംബത്തെ നന്നായി അറിയാം. അപവാദ പ്രചരണത്തില്‍ പറയുന്ന ദിവസം വീടിനു മുന്‍വശം പ്രാദേശിക ഓണാഘോഷം നടക്കുകയായിരുന്നു. താനും അതിലുണ്ടായിരുന്നു. തുടര്‍ന്ന് വാര്‍ഡിലെ പരിപാടിയില്‍ പങ്കെടുക്കുകയും ബന്ധു ആശുപത്രിയില്‍ ആയതിനാല്‍ അവിടേക്ക് പോകുകയുമായിരുന്നുവെന്ന് ഷൈന്‍ പറഞ്ഞു.
ചവിട്ടിപ്പൊളിച്ച വാതില്‍ ഉടനെ നന്നാക്കിയതായും പഴമ നിലനില്‍ക്കുന്ന വാതില്‍ ചൂണ്ടി ഹാസ്യരൂപത്തില്‍ അവര്‍ പ്രതികരിച്ചു. തങ്ങളുടെ ദേഹത്തു പറ്റിയ ചെളി മാറാന്‍ മറ്റുള്ളവരുടെ ദേഹത്ത് ചെളി വാരി എറിയുകയാണ് കോണ്‍ഗ്രസ് ചെയ്തത്. തങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്. ജീവിത പങ്കാളിയെ എപ്പോഴും കൂടെ ചേര്‍ത്തു നിര്‍ത്തുമെന്നും ഷൈനിന്റെ ഭര്‍ത്താവ് ഡൈന്യൂസ് പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങളിലൂടെ തനിക്കെതിരെ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെ കെ.ജെ.ഷൈന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയതിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഹുൽ എംഎല്‍എ അല്ലേ, സഭയില്‍ വരും എന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. പാർട്ടി എടുക്കേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
രാഹുലിന് നിയമസഭയിൽ എത്താൻ അവകാശമുണ്ടെന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. എംഎൽഎ എന്ന നിലയിൽ രാഹുലിന് സഭയിലെത്താൻ നിയമസഭാ സ്പീക്കർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ സഭയിൽ എത്തിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് കെ. മുരളീധരൻ പ്രതികരിച്ചത്. രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് നേരത്തെ പുറത്താക്കിയതാണ്. പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും ധാർമിക പ്രശ്നം ഇടതുപക്ഷത്തിനാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
അതേസമയം, വി.ഡി. സതീശന്റെ നിലപാടിനെ ധിക്കരിച്ചുള്ള രാഹുലിന്റെ സഭയിലെ സാന്നിധ്യം കെപിസിസി നേതൃയോഗം ചർച്ച ചെയ്യുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
Kerala
തിരുവനന്തപുരം: ലൈംഗികാരോപണത്തെത്തുടർന്ന് കോൺഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ നിയമസഭയിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ.
പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാർട്ടിക്ക് വിധേയനാണെന്നും മരിക്കുംവരെ താൻ കോൺഗ്രസായിരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
"പാര്‍ട്ടി അനുകൂലമായതോ പ്രതികൂലമായതോ ആയ തീരുമാനമെടുക്കുമ്പോള്‍ ധിക്കരിക്കാനോ ലംഘിക്കുവാനോ ഒരു കാലത്തും ശ്രമിച്ചില്ല. സസ്പെന്‍ഷനിലാണെങ്കിലും ഇപ്പോഴും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. സസ്പെന്ഷന് കാലാവധിയിലുള്ള പ്രവര്ത്തകന് പ്രവര്‍ത്തിക്കേണ്ടതെങ്ങനെയാണെന്ന ബോധ്യം എനിക്കുണ്ട്, അതുകൊണ്ട് തന്നെ ഒരു നേതാവിനെയും കാണാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല'- രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ആദ്യമായി 18-ാം വയസില്‍ ജയിലില്‍ പോയയാളാണ് താന്‍. എന്നാല്‍ ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ പോയത് പിണറായി സര്‍ക്കാരിന്റെ കാലത്താണ്. അതുകൊണ്ട് യാതൊരു ആനുകൂല്യവും കിട്ടില്ലെന്ന് ഉറപ്പിക്കാം. തനിക്കെതിരായി എന്തെങ്കിലും ഉണ്ടെങ്കില്‍ കൊന്നു തിന്നാന്‍ നില്ക്കുന്ന സര്‍ക്കാരിന് ഏറ്റവും വിശ്വാസമുള്ള അന്വേഷണ ഏജന്‍സിയാണ് അന്വേഷണം നടത്തുന്നത്, അന്വേഷണം നടക്കട്ടേയെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം, പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് രാഹുൽ ഒഴിഞ്ഞുമാറി. തനിക്ക് പറയാനുള്ള വിഷയങ്ങള്‍ മാത്രമായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് പങ്കുവച്ചത്. ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ പറയാനില്ല. അന്വേഷണം നടക്കട്ടെ എന്ന് മാത്രമായിരുന്നു രാഹുലിന്റെ പ്രതികരണം.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വാഹനം തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ.
നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത് എംഎൽഎ ഹോസ്റ്റലിൽ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭാ മന്ദിരത്തിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ റോഡിൽ കുത്തിയിരുന്ന് വാഹനം തടഞ്ഞത്. അതേസമയം, രാഹുൽ കാറിൽ നിന്ന് പുറത്തിറങ്ങിയില്ല.
ഏറെനേരം പ്രതിഷേധം തുടര്‍ന്നു. തുടര്‍ന്ന് പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഡിസിപി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അഭിറാം, ജില്ലാ സെക്രട്ടറി മിഥുൻ പൊട്ടോക്കാരൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഖിലേഷ് അടക്കമുള്ള പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇതിനുശേഷവും പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു.
എംഎൽഎ ഹോസ്റ്റലിന്റെ പിന്‍ഭാഗത്തുനിന്നാണ് പ്രവര്‍ത്തകരെത്തി വാഹനം തടഞ്ഞത്. അതേസമയം, പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിട്ടും എംഎൽഎ ഹോസ്റ്റലിന്റെ ഗേറ്റ് വഴി വാഹനം വരുമ്പോള്‍ പ്രതിഷേധക്കാരെ തടഞ്ഞില്ലെന്ന് ആരോപണമുണ്ട്.
പ്രതിഷേധത്തെതുടര്‍ന്ന് തിരുവല്ലം പോലീസിന്റെ എസ്കോര്‍ട്ട് വാഹനവും എത്തിച്ചു. പോലീസ് സംരക്ഷണയോടെയായിരിക്കും രാഹുൽ ഇനി ഇവിടെ നിന്ന് പോവുക.
Kerala
പുൽപ്പള്ളി: വയനാട് പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണവിധേയനായ പഞ്ചായത്ത് അംഗം മരിച്ച നിലയിൽ. മുള്ളൻകൊല്ലി പഞ്ചായത്ത് രണ്ടാം വാർഡ് അംഗവും കോൺഗ്രസ് നേതാവുമായ പെരിക്കല്ലൂർ മൂന്നുപാലം ജോസ് നെല്ലേടം (57) ആണ് മരിച്ചത്. വീടിന് അടുത്തുള്ള കുളത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അദ്ദേഹത്തിന്റെ കൈഞരമ്പ് മുറിച്ചിരുന്നു. വിഷം കഴിച്ചതായും സംശയുമുണ്ട്. ഉടൻതന്നെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തങ്കച്ചന്റെ വീട്ടിൽ നിന്ന് മദ്യവും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവത്തിന് പിന്നിൽ ജോസ് നെല്ലേടം ഉൾപ്പെടെയുള്ളവരാണെന്ന് തങ്കച്ചൻ ആരോപിച്ചിരുന്നു. കേസിലെ ഗൂഢാലോചനയിൽ അന്വേഷണം നടക്കവെയാണ് സംഭവം.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സ്പീക്കറെ അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്ത് നല്‍കും. രാഹുൽ ഇനി സഭയിൽ പ്രത്യേക ബ്ലോക്ക് ആയിരിക്കും.
അതേസമയം, രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ട്. രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അടക്കം ഒരു വിഭാഗം നേതാക്കള്‍ നിലപാട് സ്വീകരിക്കുന്നത്.
രാഹുൽ നിയമസഭയിലെത്തിയാല്‍ പ്രതിപക്ഷം പ്രതിരോധത്തിലാകുമെന്നും സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള അവസരം നഷ്ടമാകുമെന്നുമാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ രാഹുൽ നേരിടുന്നതിന് സമാനമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ ഭരണപക്ഷത്തിരിക്കുമ്പോൾ രാഹുലിനെ വിലക്കുന്നത് എങ്ങനെയെന്ന ചോദ്യമാണ് ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്നത്.
എ ഗ്രൂപ്പിനും പാർട്ടിയിൽ ഒരു വിഭാഗത്തിനും രാഹുൽ സഭയിൽ വരട്ടെയെന്ന നിലപാടാണ് ഉള്ളത്. എംഎൽഎയെ വിലക്കാൻ പാർട്ടിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സഭയിൽ വരുന്നതിൽ രാഹുൽ സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണ കേസിൽ തെളിവ് ശേഖരണത്തിന് ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിലേക്ക്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കേസിലാണ് തെളിവെടുപ്പ് നടത്തുന്നത്.
ഓണാവധിക്ക് ശേഷമാണ് അന്വേഷണസംഘം ബംഗളൂരുവിലേക്ക് പോകുക. യുവതി ചികിത്സ തേടിയ ബംഗളൂരുവിലെ ആശുപത്രിയിലെത്തുന്ന സംഘം ആശുപത്രി രേഖകള്‍ പരിശോധിച്ച് യുവതി ചികിത്സ തേടിയ കാര്യം നേരിട്ട് സ്ഥിരീകരിക്കും. തുടര്‍ന്ന് ആശുപത്രി മാനേജ്മെന്റിന് നോട്ടീസ് നല്കി രേഖകള്‍ കസ്റ്റഡിയിലെടുക്കും.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. അഞ്ച് പേരുടെ പരാതികളിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ച് പേരും മൂന്നാം കക്ഷികളാണ്.
Kerala
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ രേഖ കേസിൽ പിടിമുറുക്കി ക്രൈംബ്രാഞ്ച്. അടൂരിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടവരുടെ വീടുകളിൽ പരിശോധന നടത്തുകയാണ്. ലോക്കല്‍ പോലീസിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
ഭാരവാഹി തെരഞ്ഞെടുപ്പിന് മുൻപ് മെമ്പർഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അടൂരിലും ഏലംകുളത്തുമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലാണ് പരിശോധനകള്‍ നടത്തുന്നത്. ഇവരുടെ ഫോണുകളും സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, രാഹുൽ അടൂരിലെ സ്വന്തം വീട്ടിൽ തുടരുകയാണ്. കേസിൽ ശനിയാഴ്ച ഹാജരാകാൻ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. ക്രമക്കേട് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ കണ്ടെത്തിയാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിലും പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം.
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റേതെന്ന പേരിൽ വ്യാജ ഐഡി കാർഡ് നിർമിച്ചു എന്നാണ് കേസ്. കേസിൽ ഫെനി നൈനാൻ, ബിനിൽ ബിനു,അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളുടെ ശബ്ദരേഖയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരും ഉൾപ്പെട്ടിരുന്നു. ഇതോടെയാണ് രാഹുലിനെ വീണ്ടും വിളിപ്പിക്കുന്നത്. രാഹുലിന്റെ ഐഫോൺ പരിശോധിക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പലതവണ ആവശ്യപ്പെട്ടിട്ടും പാസ്വേഡ് രാഹുൽ നൽകിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
Kerala
കണ്ണൂർ: ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ കോൺഗ്രസിന്റെ എ ഗ്രൂപ്പ് നേതാക്കൾ പാലക്കാട്ട് യോഗം ചേർന്നതിന്റെ വിവരങ്ങൾ അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സംഘടനയെടുത്തത് ഉചിതമായ തീരുമാനമാണെന്നും പാലക്കാട്ട് എംഎൽഎ സജീവമാകുന്നതടക്കം ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ ഭവന സന്ദർശന പരിപാടിക്കിടെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്.
ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രന്റെ വീട്ടിലായിരുന്നു എ ഗ്രൂപ്പ് നേതാക്കൾ യോഗം ചേർന്നത്. രാഹുൽ മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ തിരിച്ചടിയാകുമെന്നാണ് യോഗം വിലയിരുത്തിയത്. ഇതോടെ, അദ്ദേഹത്തെ പാലക്കാട്ട് വീണ്ടും എത്തിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
രാഹുലിനെ മാറ്റിനിർത്തേണ്ട കാര്യമില്ലെന്നും പിന്തുണ നൽകണമെന്നും രാഹുൽ പാലക്കാട് എത്തിയാൽ എല്ലാവരും ഒറ്റക്കെട്ടായി രാഹുലിന്റെ ഒപ്പമുണ്ടാകണമെന്നും യോഗത്തിൽ ഷാഫി നിർദ്ദേശിച്ചതായാണ് സൂചന.
വിവാദങ്ങളുണ്ടായ ശേഷം പാലക്കാട്ടേക്ക് വരാത്ത രാഹുലിനെ എങ്ങിനെയും പാലക്കാട് എത്തിക്കണമെന്നും അതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും യോഗത്തിൽ ഷാഫി പറഞ്ഞു. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട്ട് എ ഗ്രൂപ്പ് യോഗം ചേർന്നതായി റിപ്പോർട്ട്. ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രന്റെ വീട്ടിലായിരുന്നു യോഗം.
രാഹുൽ മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ തിരിച്ചടിയാകുമെന്നാണ് യോഗം വിലയിരുത്തിയത്. ഇതോടെ, അദ്ദേഹത്തെ പാലക്കാട്ട് വീണ്ടും എത്തിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
രാഹുലിനെ മാറ്റിനിർത്തേണ്ട കാര്യമില്ലെന്നും പിന്തുണ നൽകണമെന്നും രാഹുൽ പാലക്കാട് എത്തിയാൽ എല്ലാവരും ഒറ്റക്കെട്ടായി രാഹുലിന്റെ ഒപ്പമുണ്ടാകണമെന്നും യോഗത്തിൽ ഷാഫി നിർദ്ദേശിച്ചതായാണ് സൂചന.
വിവാദങ്ങളുണ്ടായ ശേഷം പാലക്കാട്ടേക്ക് വരാത്ത രാഹുലിനെ എങ്ങിനെയും പാലക്കാട് എത്തിക്കണമെന്നും അതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും യോഗത്തിൽ ഷാഫി പറഞ്ഞു. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം.
National
ന്യൂഡൽഹി: വിവിധ ആരോപണങ്ങളിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽനിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ലെന്ന് എഐസിസി.
രാഹുൽ നിരപരാധിത്വം തെളിയിക്കണമെന്നും കാര്യങ്ങൾ വ്യക്തമാക്കാതെ ഇനി തുടർ പരിഗണനകളില്ലെന്നും എഐസിസി നേതൃത്വം വ്യക്തമാക്കി.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് നേതാക്കളെ അറിയിച്ചത്. എന്നാൽ, ആരോപണങ്ങളിൽ പൊതുമധ്യത്തിൽ രാഹുൽ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
നിയമസഭാ സമ്മേളനത്തില്‍ രാഹുലിനെ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. ഘടകകക്ഷി നേതാക്കളും സമാനമായ അഭിപ്രായം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിലവിൽ പാർട്ടി അന്വേഷണം ഇല്ലെന്നാണ് സൂചന. നിരപരാധിത്വം തെളിയിച്ചാല്‍ രാഹുലിന് തിരിച്ചുവരാമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട്.
രാഹുൽ രാജിവച്ചൊഴിയണമെന്ന പക്ഷക്കാരായിരുന്നു കോണ്‍ഗ്രസിലെ ഒട്ടുമിക്ക മുതിർന്ന നേതാക്കളും. മിക്കവരും പരസ്യമായിത്തന്നെ നിലപാടു വ്യക്തമാക്കി. പാർട്ടിയിലെ വനിതാ നേതാക്കളും രാഹുലിന്റെ എംഎൽഎ സ്ഥാനം തെറിപ്പിക്കണമെന്ന കടുത്ത നിലപാടിലായിരുന്നു. എന്നിട്ടും രാഹുലിനെ സസ്പെൻഡ് ചെയ്യുന്നതിലൊതുക്കി നടപടി.
രാഹുൽ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമല്ലെന്ന് പാർട്ടി നിയമസഭാ സ്പീക്കറെ അറിയിക്കും. അതോടെ രാഹുൽ കോണ്‍ഗ്രസ് പാർട്ടിയുടെയോ യുഡിഎഫിന്റെയോ ഭാഗമല്ലാതാകും. അടുത്ത മാസം 15ന് ആരംഭിക്കാനിടയുള്ള നിയമസഭാ സമ്മേളനത്തിൽനിന്ന് രാഹുൽ അവധിയെടുത്തു മാറി നിൽക്കുമെന്നു സംസാരമുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം അറിവായിട്ടില്ല.
ഞായറാഴ്ചയോടെയാണ് എംഎൽഎ സ്ഥാനം രാജിവയ്പിക്കേണ്ട എന്ന നിലപാടിലേക്കു പാർട്ടി മാറിയത്. നിയമസഭയുടെ കാലാവധി ഒരു വർഷത്തിൽ താഴെ മാത്രമേ ഉള്ളൂഎങ്കിലും ഉപതെരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ചാൽ കോണ്‍ഗ്രസിനു തിരിച്ചടിയാകും എന്ന ആശങ്കയാണ് രാഹുലിന്റെ എംഎൽഎ സ്ഥാനം ഉറപ്പിച്ചത്.
ഇപ്പോഴത്തെ നിലയിൽ പാലക്കാട്ട് ഉപതെരഞ്ഞെടുപ്പു നടന്നാൽ കോണ്‍ഗ്രസിനു ബുദ്ധിമുട്ടായിരിക്കും. അവിടെ ഗുണമുണ്ടാകാൻ പോകുന്നത് ബിജെപിക്ക് ആയിരിക്കും. അങ്ങനെ ഒരു സാഹചര്യം വന്നാൽ കേന്ദ്രസർക്കാർ ഉപതെരഞ്ഞെടുപ്പ് നടത്തിക്കുന്നതിനെ അനുകൂലിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടി. അതോടെയാണ് സസ്പെൻഷൻ എന്ന ആശയത്തിലേക്കു മാറിയത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം കടുത്ത നടപടി വേണമെന്ന പക്ഷക്കാരായിരുന്നു. അതേസമയം, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറന്പിൽ കടുത്ത നടപടിക്ക് അനുകൂലമായിരുന്നില്ല. രാഹുലിനെ പാലക്കാട്ട് സ്ഥാനാർഥിയാക്കിയതും ഷാഫിയുടെ കടുംപിടുത്തത്തിൽ ആയിരുന്നു. അതിന്റെ പേരിൽ ഷാഫി പാർട്ടിക്കുള്ളിൽ വിമർശനത്തിനു വിധേയനാകുന്നുമുണ്ട്.
രാഹുലിനെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തുകൊണ്ട് കോണ്‍ഗ്രസ് സമാനതകളില്ലാത്ത ധാർമികത ഉയർത്തിപ്പിടിച്ചു എന്നാണ് വി.ഡി. സതീശൻ പറഞ്ഞത്. വരുംദിനങ്ങളിൽ കോണ്‍ഗ്രസിന്റെ പ്രതിരോധം ഇതുതന്നെയായിരിക്കും.
എന്നാൽ, കോൺഗ്രസ് നടപടി പോരെന്നും രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ആവർത്തിക്കുകയാണ് സിപിഎമ്മും ബിജെപിയും. രാഹുലിനെതിരായ ആക്ഷേപങ്ങൾ ‘ലോകചരിത്രത്തിൽ തന്നെ അപൂർവം’ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശേഷിപ്പിച്ചത്. രാഹുലിന് എംഎൽഎ ആയി പ്രവർത്തിക്കാൻ സാധിക്കില്ലെന്ന ഭീഷണിയും ഗോവിന്ദൻ മുഴക്കിയിട്ടുണ്ട്. രാഹുലിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നാണു ബിജെപിയും പ്രഖ്യാപിച്ചിട്ടുള്ളത്.
Kerala
തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ആരോപണങ്ങളിൽ പൊതുമധ്യത്തിൽ രാഹുൽ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
നിയമസഭാ സമ്മേളനത്തില്‍ രാഹുലിനെ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. ഘടകകക്ഷി നേതാക്കളും സമാനമായ അഭിപ്രായം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ നിലവിൽ പാർട്ടി അന്വേഷണം ഇല്ലെന്നാണ് സൂചന. നിരപരാധിത്വം തെളിയിച്ചാല്‍ രാഹുലിന് തിരിച്ചുവരാമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട്.
രാഹുൽ രാജിവച്ചൊഴിയണമെന്ന പക്ഷക്കാരായിരുന്നു കോണ്‍ഗ്രസിലെ ഒട്ടുമിക്ക മുതിർന്ന നേതാക്കളും. മിക്കവരും പരസ്യമായിത്തന്നെ നിലപാടു വ്യക്തമാക്കി. പാർട്ടിയിലെ വനിതാ നേതാക്കളും രാഹുലിന്റെ എംഎൽഎ സ്ഥാനം തെറിപ്പിക്കണമെന്ന കടുത്ത നിലപാടിലായിരുന്നു. എന്നിട്ടും രാഹുലിനെ സസ്പെൻഡ് ചെയ്യുന്നതിലൊതുക്കി നടപടി.
രാഹുൽ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമല്ലെന്ന് പാർട്ടി നിയമസഭാ സ്പീക്കറെ അറിയിക്കും. അതോടെ രാഹുൽ കോണ്‍ഗ്രസ് പാർട്ടിയുടെയോ യുഡിഎഫിന്റെയോ ഭാഗമല്ലാതാകും. അടുത്ത മാസം 15ന് ആരംഭിക്കാനിടയുള്ള നിയമസഭാ സമ്മേളനത്തിൽനിന്ന് രാഹുൽ അവധിയെടുത്തു മാറി നിൽക്കുമെന്നു സംസാരമുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം അറിവായിട്ടില്ല.
ഞായറാഴ്ചയോടെയാണ് എംഎൽഎ സ്ഥാനം രാജിവയ്പിക്കേണ്ട എന്ന നിലപാടിലേക്കു പാർട്ടി മാറിയത്. നിയമസഭയുടെ കാലാവധി ഒരു വർഷത്തിൽ താഴെ മാത്രമേ ഉള്ളൂഎങ്കിലും ഉപതെരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ചാൽ കോണ്‍ഗ്രസിനു തിരിച്ചടിയാകും എന്ന ആശങ്കയാണ് രാഹുലിന്റെ എംഎൽഎ സ്ഥാനം ഉറപ്പിച്ചത്.
ഇപ്പോഴത്തെ നിലയിൽ പാലക്കാട്ട് ഉപതെരഞ്ഞെടുപ്പു നടന്നാൽ കോണ്‍ഗ്രസിനു ബുദ്ധിമുട്ടായിരിക്കും. അവിടെ ഗുണമുണ്ടാകാൻ പോകുന്നത് ബിജെപിക്ക് ആയിരിക്കും. അങ്ങനെ ഒരു സാഹചര്യം വന്നാൽ കേന്ദ്രസർക്കാർ ഉപതെരഞ്ഞെടുപ്പ് നടത്തിക്കുന്നതിനെ അനുകൂലിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടി. അതോടെയാണ് സസ്പെൻഷൻ എന്ന ആശയത്തിലേക്കു മാറിയത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം കടുത്ത നടപടി വേണമെന്ന പക്ഷക്കാരായിരുന്നു. അതേസമയം, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറന്പിൽ കടുത്ത നടപടിക്ക് അനുകൂലമായിരുന്നില്ല. രാഹുലിനെ പാലക്കാട്ട് സ്ഥാനാർഥിയാക്കിയതും ഷാഫിയുടെ കടുംപിടുത്തത്തിൽ ആയിരുന്നു. അതിന്റെ പേരിൽ ഷാഫി പാർട്ടിക്കുള്ളിൽ വിമർശനത്തിനു വിധേയനാകുന്നുമുണ്ട്.
രാഹുലിനെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തുകൊണ്ട് കോണ്‍ഗ്രസ് സമാനതകളില്ലാത്ത ധാർമികത ഉയർത്തിപ്പിടിച്ചു എന്നാണ് വി.ഡി. സതീശൻ പറഞ്ഞത്. വരുംദിനങ്ങളിൽ കോണ്‍ഗ്രസിന്റെ പ്രതിരോധം ഇതുതന്നെയായിരിക്കും.
എന്നാൽ, കോൺഗ്രസ് നടപടി പോരെന്നും രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ആവർത്തിക്കുകയാണ് സിപിഎമ്മും ബിജെപിയും. രാഹുലിനെതിരായ ആക്ഷേപങ്ങൾ ‘ലോകചരിത്രത്തിൽ തന്നെ അപൂർവം’ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശേഷിപ്പിച്ചത്. രാഹുലിന് എംഎൽഎ ആയി പ്രവർത്തിക്കാൻ സാധിക്കില്ലെന്ന ഭീഷണിയും ഗോവിന്ദൻ മുഴക്കിയിട്ടുണ്ട്. രാഹുലിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നാണു ബിജെപിയും പ്രഖ്യാപിച്ചിട്ടുള്ളത്.
Kerala
കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത് ഏകകണ്ഠമായാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ആരോപണങ്ങളെ തുടർന്ന് കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ആശയ വിനിമയം നടത്തിയിരുന്നു. സസ്പെൻഷൻ കോൺഗ്രസ് പാർട്ടി ഒരേ സ്വരത്തിൽ എടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ ആത്മാഭിമാനം കണക്കിലെടുത്തുള്ള തീരുമാനമാണിത്. രാഹുലിനെതിരെയുള്ള ആരോപണങ്ങളെ പാർട്ടി ഗൗരവകരമായാണ് കാണുന്നത്. ആരോപണങ്ങൾ വന്ന ഘട്ടത്തിൽ തന്നെ പരിശോധിച്ചിരുന്നു. രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് മാതൃകാപരമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കേസെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ രാജി എന്ന ആവശ്യത്തിൽ യുക്തിയില്ല. മറ്റുള്ളവർക്ക് അത്തരം രാജി ആവശ്യപ്പെടാൻ ധാർമികമായി അവകാശമില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Kerala
അടൂര്‍: തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കെപിസിസി അനുമതി നല്‍കുമെന്ന് സൂചന. കഴിഞ്ഞ രണ്ടുദിവസമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതിനു ശ്രമം നടത്തിയെങ്കിലും ആലോചിച്ചിട്ടു മതിയെന്ന അഭിപ്രായമാണ് കെപിസിസി നേതൃത്വത്തിനുണ്ടായിരുന്നത്. ഇതിനിടെയാണ് ഇന്നു രാവിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്തത്.
രാഹുലിന്റെ രാജി തത്കാലം വേണ്ടെന്ന നിലപാടിലേക്ക് പാര്‍ട്ടി എത്തിയതിനു പിന്നാലെയാണ് രാഹുലിനെ സസ്പെന്‍ഡ് ചെയ്തത്. ഇതിനൊപ്പം രാഹുലിനു തന്റെ വിശദീകരിക്കാന്‍ അവസരം നല്‍കുമെന്നാണ് സൂചന.
പാര്‍ട്ടി നേതൃത്വത്തിനു മുമ്പില്‍ ആദ്യം രാഹുല്‍ കാര്യങ്ങള്‍ വിശദീകരിക്കും. ഞായറാഴ്ച ഇതിനുള്ള അവസരത്തിനായി അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും വീട്ടില്‍ നിന്നിറങ്ങി കൊട്ടാരക്കര വരെയെത്തി മടങ്ങുകയായിരുന്നു. എടുത്തുചാടി എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടെന്ന നിലപാടിലായിരുന്നു നേതാക്കളേറെയും.
ട്രാന്‍സ് വുമണ്‍ അവന്തികയുമായുള്ള സംഭാഷണം പുറത്തുവിട്ട് ആരോപണങ്ങള്‍ക്കു പിന്നിലെ ഗൂഢാലോചന ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലെ മാധ്യമ പ്രചരണം പോലെ താന്‍ വലിയ കുറ്റക്കാരനാണെങ്കില്‍ അവന്തിക എന്തിനാണ് ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ വിളിച്ച കാര്യം വിളിച്ചറിയിച്ചതെന്നും സംഭാഷണം റെക്കോര്‍ഡ് ചെയ്തു തനിക്കയച്ചതെന്നും രാഹുല്‍ ചോദിക്കുന്നുണ്ട്.
ചാറ്റുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആര്‍ക്കു വേണമെങ്കിലും പരിശോധിക്കാമെന്നും രാഹുല്‍ വ്യക്തമാക്കി. എന്തു കൊണ്ട് ഇത്രയും ദിവസം ഈ വിവരങ്ങള്‍ പുറത്തു വിട്ടില്ലായെന്നാണ് ചോദിക്കുന്നതെങ്കില്‍ ഒരു മനുഷ്യന് എന്ന നിലയില്‍ തനിക്കും ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുമ്പോള്‍ വൈഷമ്യങ്ങളും മാനസിക അവസ്ഥകളുമുണ്ടെന്നു മനസിലാക്കണമെന്നും രാഹുല്‍ പറഞ്ഞു.
ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെ സ്നേഹിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ നേരിടുന്ന ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നു രാഹുല്‍ പറഞ്ഞു. ബാക്കിയുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി ജനകീയകോടതിയെയും അതേപോലെ നീതി ന്യായ വ്യവസ്ഥ വഴി നിയമപരമായി നേരിടുമെന്നും പറഞ്ഞു.
ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി പറയാന്‍ തനിക്കാകുമെന്ന് രാഹുല്‍ പാര്‍ട്ടി നേതൃത്വത്തോടു പറഞ്ഞിട്ടുണ്ട്. ഇതില്‍ ജനങ്ങളോടു വിശദീകരിക്കേണ്ട പല കാര്യങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരോടു പറയേണ്ട കാര്യങ്ങളുമുണ്ട്. വരുംദിവസങ്ങളില്‍ ഇതു പറഞ്ഞുകൊള്ളാമെന്നും രാഹുല്‍ പറഞ്ഞു. താന്‍ നിമിത്തം ഒരു പാര്‍ട്ടി പ്രവര്‍ത്തകനും തലകുനിക്കാന്‍ പാടില്ല. തനിക്കു പ്രതിരോധം തീര്‍ക്കേണ്ട സാഹചര്യം പാര്‍ട്ടിയില്‍ ഉണ്ടായിക്കൂട. കോണ്‍ഗ്രസിനുവേണ്ടി ഒട്ടേറെ പ്രതിരോധമുഖം തുറന്ന ആളാണ് താനെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: ആരോപണങ്ങൾക്കു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ നടപടിയെടുത്ത് കോൺഗ്രസ്. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. അതേസമയം, രാഹുലിന്റെ രാജി പാർട്ടി ആവശ്യപ്പെട്ടില്ല.
സസ്പെൻഡ് ചെയ്തതോടെ, അടുത്ത നിയമസഭാ സമ്മേളനത്തിൽ രാഹുലിന് പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാൽ, നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത.
പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുൽ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ പാർട്ടിയിൽനിന്നു പുറത്താക്കാനാണ് നീക്കം.
ആരോപണങ്ങൾക്കു പിന്നാലെ രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. രാഹുൽ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായം ഉയർന്നെങ്കിലും തൽക്കാലം രാജിയില്ലാതെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
എംഎൽഎ സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് പാർട്ടിക്ക്. ഇതോടെ എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജിക്ക് ശക്തമായ സമ്മർദം ഉയർത്തിയ നേതാക്കൾ പോലും അയഞ്ഞു.
രാഹുലിനെ സസ്പെൻഡ് ചെയ്ത് വിവാദങ്ങളെക്കുറിച്ചു അന്വേഷിക്കാൻ സമിതിയെ വയ്ക്കാനാണ് നീക്കം. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിക്കൊപ്പം രാഹുലിന്റെ സസ്പെൻഷൻ കൂടിയാകുമ്പോൾ രാഷ്ട്രീയ എതിരാളികളെ നേരിടാൻ കഴിയുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
Kerala
തിരുവനന്തപുരം: ആരോപണങ്ങൾക്കും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും രാജി ആവശ്യങ്ങൾക്കുമിടയിൽ വീണ്ടും മാധ്യമങ്ങളോടു പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും പ്രവർത്തകർക്ക് താൻ കാരണം തലകുനിക്കേണ്ടി വരില്ലെന്നും രാഹുൽ പറഞ്ഞു.
തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണുമായി ഒരു മാധ്യമ പ്രവര്ത്തകന് നടത്തിയ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു. രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്ന് മാധ്യമ പ്രവര്ത്തകന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് അവന്തിക മറുപടിയായി പറയുന്നത്. ഓഗസ്റ്റ് ഒന്നിനാണ് ഈ ഫോണ്‍ കോൾ ഉണ്ടായതെന്നും രാഹുൽ അറിയിച്ചു.
അതേസമയം, എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കാതിരുന്ന രാഹുൽ ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം എന്നു പറഞ്ഞ് വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ കൂടുതൽ ശക്തമാണ്. മുതിർന്ന നേതാക്കളും വനിതാ നേതാക്കളുമടക്കം രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ രാഹുലിനെതിരായ നടപടി സംബന്ധിച്ച് കോൺഗ്രസിൽ തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. രാഹുലിന്റെ രാജിയിൽ തീരുമാനം സംസ്ഥാന നേതൃത്വത്തിന് എഐസിസി നേതൃത്വം വിട്ടിരുന്നു.
രാഹുല്‍ രാജിവച്ചാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുമോ എന്നതില്‍ കോണ്‍ഗ്രസ് നിയമോപദേശം തേടിയിരിക്കുകയാണ്. പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ സമയപരിധിയുള്ളൂ. രാഹുൽ രാജിവെച്ചില്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ അടക്കം ബാധിക്കുമെന്നും കോണ്‍ഗ്രസിൽ അഭിപ്രായമുയരുന്നുണ്ട്.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തിവരികയാണ്. വിട്ടുവീഴ്ചയില്ലാതെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും. ഇതോടെ രാജിക്കാര്യത്തില്‍ ഇന്നു വൈകുന്നേരത്തോടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഉണ്ടായേക്കും.
Kerala
കൊച്ചി: യുവ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നെന്ന് നടി റിനി ആന്‍ ജോര്‍ജ്. ആരോപണ വിധേയനായ ആളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ല. തനിക്കെതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണെന്നും അവർ കൂട്ടിച്ചേർത്തു.
സമാന അനുഭവം നേരിട്ട പലരും തന്നെ ബന്ധപ്പെട്ടു. മാധ്യമശ്രദ്ധയ്ക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല. എത്ര ആക്രമിച്ചാലും ഈ വ്യക്തി രക്ഷപ്പെടില്ല. എതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. ഇതൊന്നും ഒരു തെരഞ്ഞെടുപ്പ് ഗിമ്മിക്കല്ല. ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ. വെളിപ്പെടുത്തലിനു ശേഷം താന്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണെന്നും മറ്റ് വഴിയില്ലെങ്കില്‍ പേരു വെളിപ്പെടുത്തുമെന്നും റിനി പറഞ്ഞു.
അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് യുവനേതാവിനെതിരേ റിനി ആന്‍ ജോര്‍ജ് ബുധനാഴ്ച വെളിപ്പെടുത്തിയത്. മൂന്നര വര്‍ഷം മുമ്പായിരുന്നു ആദ്യ അനുഭവം. നിരവധി തവണ അശ്ലീല സന്ദേശങ്ങള്‍ അയച്ചു. ഇക്കാര്യങ്ങളെല്ലാം അവരുടെ പ്രസ്ഥാനത്തിലെ നേതാക്കളോട് പരാതിയായി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും റിനി കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുറത്ത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയാനായിരുന്നു നേതാവിന്റെ മറുപടി. ഹു കെയേഴ്സ് എന്നാണ് നേതാവിന്റെ മനോഭാവം. നേതാവിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍ ഇനി അക്കാര്യം ആലോചിക്കുമെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യല്‍ മീഡിയയിലൂടെയാണ് നേതാവിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ഉടനെ തന്നെ മോശം പെരുമാറ്റം ഉണ്ടായി. എന്നാല്‍ അപ്പോള്‍ തന്നെ പ്രതികരിച്ചുവെന്നും ഇതിനുശേഷം കുറച്ച് നാളത്തേക്ക് കുഴുപ്പമൊന്നും ഉണ്ടായില്ലെന്നും റിനി പറഞ്ഞു.
ഇയാളില്‍നിന്ന് പീഡനം നേരിട്ട പെണ്‍കുട്ടികളുണ്ട്. ഈ പെണ്‍കുട്ടികളെ തനിക്കറിയാം. തുറന്നു പറയാന്‍ മടിയുള്ള നിരവധി പേരുണ്ട്. അവരെല്ലാം മുന്നോട്ടുവരണം. പാര്‍ട്ടി അയാളെ സംരക്ഷിക്കുകയാണ്. നേതാവിന്റെ പേര് പറയാത്തത് ആ പ്രസ്ഥാനത്തില്‍ ഉള്ളവരുമായുള്ള അടുപ്പം കൊണ്ടാണെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി റിനി പറഞ്ഞു.
Kerala
കൊല്ലം: കടയ്ക്കലിൽ പ്രതിഷേധ പ്രകടനത്തിനിടെ നടന്ന സംഘർഷത്തിൽ സിപിഎം, കോൺഗ്രസ് പ്രവർത്തകർക്കെതിരേ വധശ്രമത്തിന് കേസെടുത്തു.
സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിഥുനെ കുത്തിയ കേസിൽ അഞ്ച് കോൺഗ്രസ് നേതാക്കന്മാർക്കും കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയുമാണ് കേസ്. ആൻസർ അഹമ്മദ്, ഷംബി ഷമീർ, അമൽ തുമ്പമൺതൊടി, നിസാം, ഷമീർ കുമ്മിൾ എന്നിവർ അറസ്റ്റിലായി. ചിതറ സ്വദേശികളായ സുൽഫിക്കർ, സമീർ എന്നിവരെ റിമാൻഡ് ചെയ്തു.
അതേസമയം, കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ 24 സിപിഎം പ്രവർത്തകർക്കെതിരേയും കേസെടുത്തിട്ടുണ്ട്. സുബലാൽ, കാർത്തിക്, വികാസ്, ദീപു, ഗഫൽ, ആർഎസ് ബിജു, പത്മകുമാർ, സഫീർ, ഷിബു തുടങ്ങിയവർക്കെതിരെയും കണ്ടാലറിയാവുന്ന 15 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച കോൺഗ്രസ് - യൂത്ത് കോൺഗ്രസ് - കെഎസ്യു പ്രതിഷേധ മാർച്ചിനിടെയായിരുന്നു സംഘർഷം ഉണ്ടായത്. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
വിഥുൻ വേണു(30)വിന്റെ വയറ്റിലാണ് കുത്തേറ്റത്. തുടർന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസും കോൺഗ്രസ് നേതാവിന്റെ കടയും അടിച്ചുതകർത്തു. ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് അരുണിന് തലയ്ക്ക് പരിക്കേറ്റു. കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെയുണ്ടായ ആക്രമണം ദൗർഭാഗ്യകരമായ സംഭവമാണെന്ന് ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ്. രാജ്യതലസ്ഥാനത്തെ സ്ത്രീസുരക്ഷയെ ബാധിക്കുന്നതാണ് സംഭവം. ഡൽഹിയിലെ മുഖ്യമന്ത്രിക്കു പോലും സുരക്ഷ ഇല്ലെങ്കിൽ എങ്ങനെയാണ് മറ്റു സ്ത്രീകൾ സുരക്ഷിതരാവുക എന്നും ദേവേന്ദർ യാദവ് കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെ ഔദ്യോഗിക വസതിയിൽ നടത്തിയ ജനസമ്പർക്ക പരിപാടിക്കിടെയാണ് മുഖ്യമന്ത്രിക്കു നേരെ ആക്രമണമുണ്ടായത്. പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് മുഖ്യമന്ത്രിയെ ആക്രമിച്ചത്. രേഖ ഗുപ്തയ്ക്കു നേരെ ഇയാൾ ഭാരമേറിയ വസ്തു എറിയുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മുഖ്യമന്ത്രിയെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി.
അക്രമിയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ സുരക്ഷാ വീഴ്ചയുൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.
District News
ഏറ്റുമാനൂർ: എംസി റോഡിൽ പട്ടിത്താനം റൗണ്ടാന ജംഗ്ഷനിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഭീഷണിയായി രൂപപ്പെട്ട കുഴി നികത്താത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഏറ്റുമാനൂർ മണ്ഡലം ഒന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു.
ഈ കുഴിയിൽ വീണ് നിരവധി ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കു പറ്റിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും കുഴിയടയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ റോഡിലെ കുഴിയിൽ വാഴ നട്ടത്.
പ്രതിഷേധ സംഗമം കോൺഗ്രസ് ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ പി.വി. ജോയി പൂവംനിൽക്കുന്നതിൽ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഗോപൻ പാടകശേരി, നഗരസഭ മുൻ ചെയർമാൻ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ, വിഷ്ണു ചെമ്മുണ്ടവള്ളി, ഐസക് എന്നിവർ പ്രസംഗിച്ചു.
District News
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ വന്‍ കവര്‍ച്ച. കോൺഗ്രസ് നേ താവിന്റെ വീട്ടില്‍ നിന്നും 40 പവന് സ്വര്‍ണാഭരണങ്ങളും 5,000 രൂപയും നഷ്ടമായി. കോണ്‍ഗ്രസ് നേതാവും നെല്ലനാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ വലിയകട്ടയ് ക്കാല് പാലത്തറ സുരേഷ് ഭവനില്‍ ആര്. അപ്പുക്കുട്ടന് പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ പിന്‍വശത്തുള്ള വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് അകത്തു കടന്ന മോഷ്്്ടാവ് ഒന്നാം നിലയിലെത്തി അപ്പുക്കുട്ടന് പിള്ളയുടെ കൊച്ചുമക്കള്‍ ഉറങ്ങുകയായിരുന്നമുറിയില് നിന്നും അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും അപഹരിക്കുകയായിരുന്നു.
അപ്പുക്കുട്ടന് പിള്ളയുടെ മരുമകളുടേതായിരുന്നു ആഭരണങ്ങള്‍. അധ്യാപികയായ ഇവര്‍ പുലര്‍ച്ചെ അഞ്ചു മണിയോടെ ഉണര്‍ന്നെണീറ്റു വന്നപ്പോള്‍ മുറിക്ക് പുറത്ത് ഒരാള്‍ നില്‍ക്കുന്നത് കണ്ടു നിലവിളിച്ചു. ഇതോടെ വീട്ടിലെ മറ്റംഗങ്ങള്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് പുറത്തേക്കോടി രക്ഷപ്പെട്ടു.
തുടര്‍ന്നു നടന്ന പരിശോധനയില്‍ മറ്റൊരു മുറിയില്‍ ആഭരണങ്ങള്‍ വെയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ചെറിയ പെട്ടികളിള്നിന്നും അവയെല്ലാം എടുത്തശേഷം ഉപേക്ഷിച്ച നിലയിലും വീടിന്റെ പിന്‍വശത്തെയും അകത്തേക്കുമുള്ള വാതിലുകള്‍ പൊളിച്ച നിലയിലും കണ്ടെ ത്തുകയായിരുന്നു.
രാവിലെ നടന്ന പരിശോധനയില്‍ മറ്റു ചില ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടികളും ബാഗും വാതില്‍ കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ച കമ്പിപ്പാരയും പുരയിടത്തില്‍ ഉപേക്ഷിച്ചിരിക്കുന്ന നിലയിലും കണ്ടെത്തുകയുണ്ടായി.
തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസില്‍ വിവരം അറിയിക്കുകയും വെഞ്ഞാറമൂട് എസ്എച്ച്ഒ അനൂപ് കൃഷ്ണ, എസ്ഐ സജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പരിശോധന നടത്തുകയും ചെയ്തു. പിന്നീട് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാല്‍, വിരലടയാള വിദഗ്ദര്‍, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.